Skip to main content

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും 45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തും. സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികള്‍ക്ക് പ്രവേശനമില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത് വലിയ വിപത്തിലേക്ക് നയിക്കുമെന്നായിരുന്നു തൃശൂര്‍ ഡി.എം.ഒ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡി.എം.ഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും അറിയിച്ചിരുന്നു.