Skip to main content

തൃപ്പൂണിത്തുറയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. 'ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നെഴുതിയ പോസ്റ്ററുകള്‍ ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ പോസ്റ്ററുകള്‍ക്ക് മുകളിലും ഈ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തരമൊരു പോസ്റ്ററിനെക്കുറിച്ച് അറിവില്ലെന്ന് ശബരിമല കര്‍മ്മ സമതി നേതാക്കള്‍ പറഞ്ഞു. വോട്ട് മറിക്കാനുള്ള യു.ഡി.എഫിന്റെ അടവാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ ബാബുവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം സ്വരാജും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയില്‍ ബി.ജെ.പിയുടെ വോട്ട് കൂടി സ്വന്തം പാളയത്തിലേക്ക് ആക്കാനുള്ള യു.ഡി.എഫ് നീക്കമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം .