Skip to main content

കഴക്കൂട്ടത്ത് ക്ഷേത്രങ്ങള്‍ക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്കുമായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകള്‍ അടിച്ചാണ് കടകംപള്ളിയുടെ പ്രചാരണം. 'യഥാര്‍ത്ഥ വിശ്വാസ സംരക്ഷകര്‍ ആര്' എന്ന ചോദ്യം ഉന്നയിച്ചുക്കൊണ്ടാണ് പോസ്റ്ററുകള്‍. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാന്‍ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ചില കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നു പോസ്റ്ററുകളില്‍ പറയുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയ്ക്കായി അനുവദിച്ച തുകയും എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച തുകയും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപം ശബരിമല സന്നിധാനത്താണെന്നും പോസ്റ്ററില്‍ പറയുന്നു.

കഴക്കൂട്ടം മണ്ഡലത്തില്‍ ക്ഷേത്രങ്ങള്‍ക്കായി മാത്രം നീക്കിവച്ച തുകയും സി.പി.എം പോസ്റ്ററുകളായി ഇറക്കിയിട്ടുണ്ട്. കഴക്കൂട്ടത്തെ പത്ത് ക്ഷേത്രങ്ങള്‍ക്കായി ചെലവഴിച്ച തുകയും പുതുകുന്ന് സി.എസ്.ഐ പള്ളിക്കും ആഹ്ലാദപുരം ജുമാ മസ്ജിദിനും ചെലവഴിച്ച തുകയും പോസ്റ്ററുകളില്‍ കാണാം. എന്നാലിത് കടകംപള്ളിയുടെ പൂഴിക്കടകനാണെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രതികരണം.