Skip to main content

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരമൊരു ഉത്തരവ് വളരെ മുന്‍പ് തന്നെ കേരളത്തില്‍ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവില്‍ അനുമതി ഇല്ലാതെ ഏതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ അതിന്റെ ശിക്ഷ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെതിരെയാണ്. ഇത് വളരെ സ്വാഗതാര്‍ഹമാണ്. 

എന്താണോ ആരാധനാലയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് അതിന് വിരുദ്ധമായ സാമൂഹിക അന്തരീക്ഷത്തിലേക്ക് നയിക്കാന്‍ കാരണമാവുന്ന ഘടകങ്ങളാണ് ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങളിലും നവീകരണങ്ങളിലും അടങ്ങിയിരിക്കുന്നതായി കാണാന്‍ കഴിയുന്നത്. ഓരോ മതത്തിന്റെ വിഭാഗീയതയുടെ ഭാഗമായിട്ടാണ് പലപ്പോഴും ഇത്തരം പുനരുദ്ധാരണങ്ങളും പുതുക്കി പണിയലുകളുമൊക്കെ കേരളത്തില്‍ സംഭവിക്കുന്നത്. ആരാധനാലയങ്ങള്‍ ആയതിന്റെ പേരില്‍ ആരും എതിര്‍ക്കില്ല എന്ന ധാരണ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് തന്നെ വിനാശകരമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ മധ്യത്തില്‍ പോലും ആരാധനാലയങ്ങള്‍ സ്ഥാപിക്കാമെന്ന അവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വാഗതാര്‍ഹമായ ഒരു ഉത്തരവ് വന്നിരിക്കുന്നത്.