Skip to main content

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുഞ്ചേരി ജാമ്യത്തിലാണെങ്കില്‍ പോലും സമൂഹത്തിലിറങ്ങുന്നത് വന്‍ ഭീഷണി ആവും എന്നുള്ളതില്‍ സംശയമില്ല. ഹൈക്കോടതി അത് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. റോബിന് ഹോക്കോടതി ഇടക്കാല ജാമ്യം നിഷേധിക്കുകയുണ്ടായി. താന്‍ ഗര്‍ഭിണിയാക്കിയ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കുന്നതിനും കുട്ടിയെ വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് അയാള്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. 

ഈ പെണ്‍ക്കുട്ടിയെ ഗര്‍ഭിണിയാക്കി അതിന്റെ ഉത്തരവാദിത്വം സ്വന്തം അച്ഛന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ച പുരോഹിതനാണ് റോബിന്‍ വടക്കുഞ്ചേരി. എന്നാല്‍ ആ പെണ്‍ക്കുട്ടി ചതിക്കപ്പെട്ട് പ്രസവിക്കാന്‍ ഇടവരുത്തിയതിനേക്കാള്‍ ഗുരുതരമായ കുറ്റവാളിയുടെ മനസ്സാണ് ജാമ്യ അപേക്ഷ ഹര്‍ജിയിലൂടെ തെളിയുന്നത്. ഒരിക്കല്‍ താന്‍ നശിപ്പിച്ച പെണ്‍ക്കുട്ടിയെ വീണ്ടും ഇരയാക്കിക്കൊണ്ട് കേസില്‍ നിന്ന് ഊരാനുള്ള ഹീനമായ കുറ്റവാളിയുടെ മനസ്സാണ് ജാമ്യ ഹര്‍ജിയിലെ അപേക്ഷയില്‍ പ്രതിഫലിച്ചിരിക്കുന്നത്. 

സ്വന്തം പിതാവിന്റെ പേരില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ചാര്‍ത്താന്‍ ശ്രമിച്ച ഒരു പുരോഹിതന്‍ യഥാര്‍ത്ഥത്തില്‍ ആ ഒറ്റക്കാരണം കൊണ്ട് തന്നെ സമൂഹത്തിന് ഭീഷണിയാണ്. സമൂഹത്തില്‍ നിന്ന് അയാളെ അകറ്റി നിര്‍ത്തേണ്ടത് പൊതുസാമൂഹിക ജീവിതത്തിന് അത്യാവശ്യമാണ്. എന്നാല്‍ ആ പെണ്‍ക്കുട്ടിയെ തന്നെ കരുവാക്കിക്കൊണ്ട് നിയമ വ്യവസ്ഥിതിയേയും അതിശക്തമായ പോക്‌സോ നിയമങ്ങളേയുമൊക്കെ നിഷ്പ്രഭമാക്കാനുള്ള ഗൂഢാലോചന ശ്രമമാണ് ഈ ജാമ്യാപേക്ഷയിലൂടെ റോബിന്‍ വടക്കുഞ്ചേരി പ്രകടിപ്പിച്ചിരിക്കുന്നത്. എന്തായാലും അത് ഹൈക്കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് സമൂഹത്തിന് ആശ്വസിക്കാവുന്ന കാര്യമാണ്.