Skip to main content

ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥ് ഇക്കുറി മണ്ഡലം മാറും. കൊല്ലം ജില്ലയിലോ തിരുവനന്തപുരം ജില്ലയിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണാലോചന. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ്, കൊല്ലം ജില്ലയില്‍ കൊല്ലം, കുണ്ടറ, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടിയുടെ പരിഗണനയില്‍. സാമുദായിക ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞ ചെങ്ങന്നൂരില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കു ജയ സാധ്യത കുറവാണെന്നാണ്, കോണ്‍ഗ്രസിനു വേണ്ടി സര്‍വ്വേ നടത്തിയ ഒരു ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അഡ്വ. എബി കുര്യാക്കോസ്, അഡ്വ. കോശി എം. കോശി എന്നിവരുടെ പേരുകളാണ് ഇവിടെ പ്രാഥമിക പരിഗണനക്ക് ഇട്ടിരിക്കുന്നത്. മുന്‍ ഹരിപ്പാട് എം.എല്‍.എ. ബാബു പ്രസാദ്, മുന്‍ മാവേലിക്കര എം.എല്‍.എ. എം. മുരളി എന്നിവരുടെ സ്വീകാര്യതയും പഠിക്കുന്നുണ്ട് .

ചെങ്ങന്നൂരുകാരനായ സജി ചെറിയാനെ നേരിടാന്‍ നാട്ടുകാരന്‍ തന്നെ വേണമെന്ന അഭിപ്രായവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാകുന്നതില്‍ നിന്ന് പാര്‍ട്ടിക്കുള്ളിലെ പലരെയും പിന്തിരിപ്പിക്കുന്നത് ഒപ്പം നില്‍ക്കുന്നവര്‍ കാലുവാരുമെന്ന ആശങ്കയാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ അനുഭവം ചൂണ്ടിക്കാട്ടി ഇത് പറയുന്നത് മുതിര്‍ന്ന നേതാക്കളാണ്.

ബി.ജെ.പി.യില്‍ ഇതിനോടകം ഉയര്‍ന്നുവന്നിരിക്കുന്നത് രണ്ട് പേരുകളാണ്. ഒന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റേയും മറ്റൊന്ന് ഡോ.ആര്‍. ബാലശങ്കറിന്റെയും. ഇരുവരും ചെങ്ങന്നൂര്‍ സ്വദേശികളാണ്. ബാലശങ്കര്‍ മുപ്പതു വര്‍ഷമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്ന സംഘ പരിവാറിന്റെ മുതിര്‍ന്ന കാര്യ കര്‍ത്താവാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊന്നിച്ച് അടിയന്തിരാവസ്ഥക്കാലത്ത് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള അദ്ദേഹത്തിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പാര്‍ട്ടിയും ആര്‍.എസ്.എസ്. നേതൃത്വവും ചേര്‍ന്നായിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുക.