Skip to main content

മോട്ടോര്‍ വാഹന വകുപ്പ് കാലം മാറുന്നത് അറിയുന്നില്ല. നിരത്തില്‍ വാഹന നിയമം  പാലിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുന്നിനായി പതിവ് പോലെ ഫെബ്രുവരി 1 മുതല്‍ 17 വരെ കര്‍ശന പരിശോധന പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും വഴിപാട് പോലെ നടത്തുന്ന ഒരു സംഗതിയാണത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ഹെല്‍മറ്റ് ധരിക്കാത്തവര്‍, അമിത വേഗത്തില്‍ പോകുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ തുടങ്ങി വിവിധ ഇനങ്ങളിലാണ് ഓരോ ദിവസവും പരിശോധന നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഇത് നടത്തിയതിന്റെ പേരില്‍ എന്തെങ്കിലും ഗുണപരമായ മാറ്റം നിരത്തുകളില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഒരു ശതമാനം പോലും അവകാശപ്പെടാന്‍ പറ്റില്ല. പഴയകാലത്തിലേത് പോലുളള പരിശോധനകളിലേക്കും മാമൂലുകളിലേക്കും എന്തുകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പോകുന്നു എന്നുള്ളത് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നത് വസ്തുതയാണ്. 

നിലവിലുള്ള എല്ലാ നിയമലംഘനങ്ങളും കൃത്യതയോടെ കണ്ടെത്താനുള്ള ഡിജിറ്റല്‍ സംവിധാനം നിലനില്‍ക്കെ അത് ശക്തമാക്കി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക അല്ലെങ്കില്‍ പിഴ അടപ്പിക്കുക തുടങ്ങിയ നടപടികളിലേക്ക് പോകുകയാണെങ്കില്‍ ദിനംപ്രതി കേരളത്തിന്റെ നിരത്തുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയും. അല്ലാതെ ദേശീയ റോഡ് സുരക്ഷാ മാസാചരണം എന്ന് പറയുന്നത് വെറും പാഴ്‌വേലയാണ് എന്നതില്‍ ഒരു സംശയവുമില്ല.