Skip to main content

വരുന്ന നിയമസഭയില്‍ ഒന്നില്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കാന്‍ ബി.ജെ.പി രണ്ടും കല്‍പ്പിച്ച് ഇറങ്ങിക്കഴിഞ്ഞു. വ്യക്തമായ തിരഞ്ഞെടുപ്പ് തന്ത്രം ബി.ജെ.പി ഇക്കുറി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നെങ്കിലും വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളില്‍ മാത്രം അതിശക്തമായ പ്രചരണ പരിപാടികളുമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഒരു തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലഭ്യമായിട്ടുള്ള വോട്ടുകളുടെ കണക്കുകളും മറ്റും വിശദമായ പഠനത്തിന് വിധേയമാക്കിയതിന് ശേഷമാണ് ഏകദേശം 30 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അതില്‍ തന്നെ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ എല്ലാ അടവുകളും പയറ്റുവാനുമാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് തൃശ്ശൂരില്‍ നടന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നേതാക്കള്‍ അംഗത്തിനിറങ്ങില്ലെന്ന തീരുമാനം വന്നിട്ടുള്ളത്. 

ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തി അത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയുമാണ് ബി.ജെ.പി വെച്ച് പുലര്‍ത്തുന്നത്. അതിലേക്ക് മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായ ശ്രീധരന്‍പിള്ള വഹിച്ച പങ്ക് നിര്‍ണ്ണായകമായ മാറ്റത്തെ കൊണ്ടുവരും എന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടുകയും ഇരുകൂട്ടരും ചര്‍ച്ച നടത്തുകയും ചെയ്തത്. പൊതുവായ ഒരു രാഷ്ട്രീയ മാറ്റം കേരളത്തില്‍ കൊണ്ടുവരിക, ഒന്നില്‍ കൂടുതല്‍ സീറ്റുകളുടെ സാന്നിധ്യത്തോട് കൂടി അടുത്ത നിയമസഭയിലേക്ക് വരിക എന്ന യാഥാര്‍ത്ഥ്യബോധത്തിലുറച്ച ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെടാനാണ് തൃശ്ശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചിട്ടുള്ളതെന്ന് അറിയുന്നു.