Skip to main content

മംഗലാംകുന്ന് കര്‍ണന്‍. കേരളത്തിലെ നാട്ടാനകളെ കുറിച്ച് പറയുമ്പോള്‍ ആന പ്രേമികളുടെ മനസ്സില്‍ ആദ്യമെത്തുന്ന പേരുകളിലൊന്ന്. തലയെടുപ്പാണ് കര്‍ണന്റെ പേരിന് പ്രചാരം നല്‍കിയത്. ഒപ്പം മത്സരിക്കാന്‍ പല കൊമ്പന്മാരുമുണ്ടായിരുന്നെങ്കിലും കര്‍ണന്റ തലയെടുപ്പ് എന്നും ഉയര്‍ന്ന് തന്നെ നിന്നു. നിലവിന്റെ രാജാവ് എന്നാണ് ഈ ആനയെ വിശേഷിപ്പിച്ചിരുന്നത്. കര്‍ണന്റെ തലയെടുപ്പ് കലര്‍പ്പില്ലാത്തതായിരുന്നു. തോട്ടികൊണ്ടു കുത്തിയുയര്‍ത്തിയല്‍ കര്‍ണന് ഒരിക്കലും വേണ്ടി വന്നിരുന്നില്ല. തലയുയര്‍ത്തിയാല്‍ ഉയര്‍ന്നു തന്നെ നില്‍ക്കും. എഴുന്നള്ളത്ത് തുടങ്ങും മുതല്‍ തിടമ്പ് ഇറക്കുംവരെ. എന്നാല്‍ ആ ഗാംഭീര്യമൊന്നും തന്റെ പെരുമാറ്റത്തില്‍ കര്‍ണന്‍ കാണിച്ചിരുന്നില്ല. കൊച്ചുകുട്ടികള്‍ക്ക് വരെ കര്‍ണനെ കൊണ്ടു നടക്കാമെന്ന് കാര്യക്കാര്‍ പറയുമായിരുന്നു. ഭക്ഷണത്തോടും വലിയ ആര്‍ത്തിയില്ല. ശുദ്ധമായ വെള്ളം തന്നെ വേണമെന്നതൊഴിച്ചാല്‍ മറ്റൊരു വാശിയും കര്‍ണനുണ്ടായിരുന്നില്ല. 

ഉത്തരേന്ത്യയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. ബിഹാറില്‍ നിന്ന് നാണു എഴുത്തച്ഛനാണ് ഈ ആനയെ കൊണ്ടുവരുന്നത്. തുടര്‍ന്ന് മനിശ്ശേരി ഹരിദാസിന്റെ ഉടമസ്ഥതയില്‍ മനിശ്ശേരി കര്‍ണനെന്ന പേരില്‍ അറിയപ്പെട്ടു. തടുര്‍ന്നാണ് മംഗലാംകുന്ന് തറവാട്ടിലേക്ക് കര്‍ണന്‍ എത്തുന്നത്. പിന്നീടങ്ങോട് കര്‍ണന്‍ ഒരു തരംഗമായി മാറി. കേരളത്തിലെ ഏറ്റവും ഏക്കം അഥവാ എഴുന്നള്ളിപ്പ് തുകയുള്ള ആനകളിലൊന്നിയിരുന്നു കര്‍ണന്‍. 2019 മാര്‍ച്ചിലാണ് അവസാനമായി കര്‍ണന്‍ തിടമ്പെടുത്തത്. പിന്നീട് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അങ്ങനെ തന്റ 2021 ജനുവരി 28 ന് പുലര്‍ച്ചെ അവന്‍ പൂര്‍ണ നിദ്രയിലേക്ക് മറഞ്ഞു.