Skip to main content

കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ രാജ്യം തന്നെ പകച്ച് നിന്നപ്പോള്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുന്നു. 

ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്. ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി.