Skip to main content

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങള്‍ കുറച്ചൊന്നുമല്ല. കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും എന്ന വാര്‍ത്തയാണ് അവസാനമായി പുറത്തു വന്നത്. ഇന്ന് ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ പരിഗണിക്കുകയാണ്. എം. ഉമ്മറാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കുന്നത്.

പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിക്കുന്നത്. സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ രാജഗോപാല്‍ പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. 

സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസ്സിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത് മറിച്ച് സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കാനാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്നും മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമനടപടി സ്വീകരിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണന്‍ വരുത്തിവെച്ച ദുര്‍ഗന്ധം ഒരിക്കലും മായില്ലെന്നും ഉമ്മര്‍ ആരോപിച്ചു.