Skip to main content

ആലപ്പുഴ നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി ചിത്തരഞ്ജന്‍ അടക്കമുള്ളവര്‍ക്കെതിരെ മുദ്രാവാക്യവുമായാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ചെങ്കൊടികളുമായി നഗരമധ്യത്തില്‍ പരസ്യമായ പ്രതിഷേധപ്രകടനം നടത്തുന്നത്. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.