Skip to main content

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. ഗവര്‍ണര്‍ ഫയല്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവമാണിത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട്, മറ്റ് ഒരു അവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല.

നേരത്തെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. പ്രമേയത്തിന്റെ ഉള്ളടക്കമെന്താണ്, ഇത് കേന്ദ്രവിരുദ്ധ സമീപനമല്ലേ എന്ന ആശങ്കയും സംശയവും പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. അടിയന്തിര സാഹചര്യമാണ്, രാജ്യത്തെ ആകെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമാണ്, കാര്‍ഷിക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഒപ്പം ബില്ലില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുന്നില്ല.