Skip to main content

പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. നഗരസഭാ സെക്രട്ടറിയുടെ പരാതിയിര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി ബോധപൂര്‍വം പ്രകോപനവും കലാപവും സൃഷ്ടിക്കാനും ശ്രമമുണ്ടായെന്നും, കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും സി.പി.എം മുനിസിപ്പല്‍ സെക്രട്ടറി ടി.കെ.നൗഷാദ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ നേരത്തെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്ളക്സ് ഉയര്‍ത്തിയതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം വിളിക്കുകയും, ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ സി.പി.എം ആരോപിച്ചിരുന്നു.