Skip to main content

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

മൂന്നാം തവണയും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപങ്ങളെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഉത്തരവാണ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷമുള്ള ഇടപെടല്‍ ശരിയായില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന തുടര്‍ച്ചയായി സംവരണമെന്ന ആരോപണം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി അറിയിച്ചിട്ടുണ്ട്.