Skip to main content

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി. വൈകുന്നേരത്തോടെയാകും കേരളത്തിലെത്തുക. ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം.

രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം. 

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അടച്ചിടും. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വിലക്ക് എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.