Skip to main content

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുറേവിനാളെ അതിതീവ്ര ന്യൂനമര്‍ദമായി കേരളത്തില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാല്‍ കൊല്ലം - തിരുവനന്തപുരം അതിര്‍ത്തിയിലൂടെ സഞ്ചരിക്കുമെന്നും നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം മുന്നില്‍ കാണണമെന്നും പ്രളയ സാധ്യത ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

60 കിലോമീറ്ററില്‍ താഴെയായിരിക്കും പരമാവധി വേഗമെന്നാണ് പ്രവചനം. ബുറേവിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളില്‍ 50-60കിമി വേഗതയില്‍ കാറ്റ് വീശാം. മലയോരമേഖലയില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ബുറേവിയുടെ സഞ്ചാരപഥം കണക്കാക്കി ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്നും സേനകളുടെ ഏകോപനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗത. കാറ്റ് വരുത്തുന്ന നാശനഷ്ടം പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ അപകടമുണ്ടാക്കുന്ന ഹോര്‍ഡിംഗുകള്‍ പാര്‍ട്ടികള്‍ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.