Skip to main content

സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ദക്ഷിണമേഖല ഡി.ഐ.ജിയോട് നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയ്ക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.