Skip to main content

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ പി.ആര്‍.ഡി ഫാക്ട് ചെക്കിങ് സമിതിയില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടാന്‍ ഇടയായ അപകടമുണ്ടാക്കിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം.

ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഫാക്ട് ചെക്ക് സമിതിക്ക് രൂപം നല്‍കിയത്.

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട് ചെക്കിംഗ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫൊറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണ് ശ്രീറാമിനെ ഉള്‍പ്പെടുത്തിയത്.