Skip to main content

യൂട്യൂബ് ചാനലില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജില്ലാ കോടതി. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. 

കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. 

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സ്ഥിതിക്ക് പോലീസിന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാം.