Skip to main content

ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

ശബരിമല ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് എന്‍ട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാവും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടു. 

10 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാകും പ്രവേശനമുണ്ടാകുക. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരാണെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

ശനി ഞായര്‍ ദിവസങ്ങളില്‍ പരമാവധി 2000 പേരെ വരെ പ്രവേശിപ്പിക്കാം. വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.

വിദഗ്ധ സമിതി തീരുമാനത്തില്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.