Skip to main content

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വിജയ് പി നായരുടെ പരാതിയിന്‍മേല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്  തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

നേരത്തെ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശമങ്ങളും നടത്തിയതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന്  ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്യുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു.