Skip to main content

ബാലഭാസ്‌കര്‍ മരണപ്പെട്ട കേസില്‍ നുണപരിശോധനയ്ക്കായി അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍ പ്രകാശന്‍ തമ്പി എന്നിവര്‍ കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരായി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സംശയം ഉളവാക്കുന്ന പല മൊഴികളിലും വ്യക്തവരുത്തുന്നതിനായാണ് സിബിഐ നുണപരിശോധന നടത്തുന്നത്. 

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം,പ്രകാശന്‍ തമ്പി,ഡ്രൈവര്‍ അര്‍ജുന്‍,കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം ഹര്‍ജി നല്‍കിയത്. സി.ബി.ഐയുടെ അപേക്ഷ സ്വീകരിച്ച കോടതി നാലു പേര്‍ക്കും നോട്ടീസ് അയക്കുകയും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നാല് പേരും കോടതിയെ അറിയിക്കുകയുമായിരുന്നു. 

ബാലഭാസ്‌കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചത് താനല്ല എന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സി.ബി.ഐക്ക് മുന്നിലും നടത്തിയത്. ഇതിന് വിപരീതമായ മൊഴിയാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയിരുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അര്‍ജ്ജുനെ നുണ പരിശോധന നടത്തുന്നത്.

പ്രകാശന്‍ തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പങ്ക് പുറത്തുവന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്. അപകടസ്ഥലത്ത് സംശയമുളവാക്കുന്ന കാര്യങ്ങള്‍ നടന്നിരുന്നു എന്ന മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.

ചെന്നൈയിലെയും ബാംഗ്ലൂരിലെയും പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തുന്നത്. നാളെ സോബിയുടെയും വിഷ്ണു സോമ സുന്ദരത്തിന്റെയും നുണ പരിശോധന നടക്കും.