Skip to main content

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി. 

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.