Skip to main content

മലയാറ്റൂരിലെ പാറമടയിലുണ്ടായ സ്‌ഫോടനത്തില്‍ പോലീസ് നരഹത്യക്ക് കേസെടുത്തു. പാറമട ഉടമ റോബിന്‍സണ്‍, നടത്തിപ്പുകാരന്‍ ബെന്നി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അനധികൃതമായ സ്‌ഫോടനവസ്തുക്കള്‍ കൈവശം വെച്ചതിനുള്ള കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പോലീസിന് പുറമേ റവന്യൂ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല. 

അപകടത്തില്‍ തമിഴ്നാട്, കര്‍ണാടക സ്വദേശികളായ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. സ്ഫോടനത്തില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പാറമട ഉടമകള്‍ക്ക് ഈ കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസന്‍സ് അനുവദിച്ചിരുന്നത്.