Skip to main content

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബി.ജെ.പി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, എംഎസ്എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ ഏറെ പണിപ്പെട്ടാണ് പോലീസ് പിന്തിരിപ്പിച്ചത്. പ്രതിഷേധം തടുക്കാന്‍ മിക്കയിടത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തു കടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരില്‍ ചിലര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി.

കോട്ടയം കളക്ട്രേറ്റിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കളക്ട്രേറ്റ് ഗേറ്റില്‍ വെച്ച് പോലീസ് തടഞ്ഞു. കട്ടപ്പന മിനി സിവില്‍സ്റ്റേഷനിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ ലാത്തി ചാര്‍ജ് ഉണ്ടായി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് കളക്ട്രേറ്റിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം അരങ്ങേറി. ഇവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. ഇരുപതിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.