Skip to main content

സംസ്ഥാനത്ത് മന്ത്രിമാരുടെ മക്കളുടെ പ്രവൃത്തികള്‍ മന്ത്രിസഭക്ക് ഭീഷണിയാകുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസും ലഹരിമരുന്നു കടത്ത് കേസും ഇപ്പോള്‍ കടന്നു കയറുന്നത് മന്ത്രി മക്കളിലേക്കാണ്. അത് പിണറായി മന്ത്രിസഭയുടെ പ്രതിഛായ തകര്‍ത്തതിനപ്പുറം നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും സ്വര്‍ണ്ണക്കടത്തുകാരുമായുള്ള വഴി വിട്ട ബന്ധത്തിലൂടെ ഇടതു സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടായിരുന്നു കേസിന്റെ അന്വേഷണം ആരംഭിച്ചതു തന്നെ. പിന്നീട് യു.എ.ഇ. കോണ്‍സുലേറ്റുമായും സ്വര്‍ണ്ണക്കടത്തിലെ വിവാദ വ്യക്തിത്വമായ സ്വപ്ന സുരേഷുമായുമുള്ള അടുപ്പത്തിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ സംശയനിഴലിലാകുന്നു. മന്ത്രി അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു വിധേയമാകേണ്ടി വരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികളിലൊരാളുടെ സംരംഭം ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു.പിന്നാലെ ലഹരിക്കടത്തിലെ പ്രതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു വിധേയമാകേണ്ടി വരുന്നു. അയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സി തയ്യാറെടുക്കുന്നു. മന്ത്രി ഇ.പി. ജയരാജന്റെ മകന് സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രതികളുമായുള്ള ബന്ധമാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ചയാകുന്നത്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ നടന്ന കരാറുകളുടെ അണിയറയില്‍ മന്ത്രി പുത്രന്‍ ഇടപെട്ടതും അതില്‍ സ്വപ്ന സുരേഷുമായുള്ള ബന്ധവുമാണ് ഇപ്പോള്‍ ആരോപണമായി പുറത്തു വരുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക് പോകുകയാണ്.

ഇതുമായി ബന്ധപ്പെട്ട സായാഹ്ന ചര്‍ച്ചകളില്‍ സി.പി.എം. വക്താക്കള്‍ പാര്‍ട്ടി നിലപാട് ന്യായീകരിക്കാന്‍ പെടുന്ന പാട് കണ്ടാല്‍ കാണികള്‍ പോലും കരഞ്ഞു പോകും. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ലെന്നാണ് സൂചനകള്‍ . കോടിയേരിയുടെ മറ്റൊരു മകന്‍ ദുബായില്‍ നേരത്തെ വന്‍ സാമ്പത്തിക ഇടപാടില്‍ കുരുങ്ങിയിരുന്നു. ഒരു മലയാളി വ്യവസായി ഇടപെട്ടാണ് പ്രശ്നം തീര്‍ത്തതെന്നായിരുന്നു സൂചന. ഇതിന്റെ ഉള്ളറകളിലേക്കും അന്വേഷണ ഏജന്‍സികള്‍ കടന്നിട്ടുണ്ടെന്നാണ് വിവരം. മറ്റു ചില മക്കളുടെ സംരംഭങ്ങളിലും കറുത്ത പണം എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. അതിന്റെ പിന്നാമ്പുറങ്ങളിലും അന്വേഷണ സംഘം പരതി നടക്കുന്നുണ്ട്. 

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഔദ്യോഗികമായി ക്ഷണിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അത് അബദ്ധമായോ എന്ന സംശയവും ഇടതു നേതാക്കള്‍ക്കിടയിലുണ്ട്. അന്തി ചര്‍ച്ചകളില്‍ പാര്‍ട്ടി പടയാളികള്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പക്ഷപാതപരമെന്ന മട്ടില്‍ സംസാരിച്ചു തടങ്ങിയിട്ടുണ്ട്. ഇതൊരു മുന്‍കൂര്‍ ജാമ്യമായി കാണുന്നവരുമുണ്ട്.