Skip to main content

കേരള പോലീസിന്റെ രണ്ട് മുഖം വ്യക്തമാക്കുന്നതാണ് അലനും താഹയുടെയും അറസ്റ്റും അതിന് മുമ്പും ശേഷവുമുള്ള സംഭവങ്ങളും. പന്തീരങ്കാവ് യു.എ.പി.എ കേസ് ചുമത്തി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. യു.എ.പി.എ നിയമം അനുസരിച്ച് അവരുടെ പേരില്‍ ചുമത്തിയ കുറ്റം അവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു. അതിന് തെളിവായി പോലീസ് പറഞ്ഞത് ഇവരുടെ കൈവശം മവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തി എന്നായിരുന്നു. വിദ്യാര്‍ത്ഥികളാണെന്ന പരിഗണന പോലും പോലീസ് ഇവര്‍ക്ക് നല്‍കിയില്ല. ഇതില്‍ ഒരാള്‍ 20 വയസ്സില്‍ താഴെയുള്ള ആളായിരുന്നു. രാജ്യദ്രോഹകുറ്റം നടത്തി എന്ന ഒരു സമീപനത്തോടെയാണ് കേരളാ പോലീസ് ഈ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും സി.പി.എമ്മിന്റെ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളുമായിരുന്നു. ഇത് കേരള സമൂഹത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അകത്ത് പോലും വളരെയധികം എതിര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ അറസ്റ്റിനെതിരെ പരസ്യമായി രംഗത്ത് വരികയുമുണ്ടായി. 

വാളയാറിലെ പെണ്‍ക്കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തില്‍ സജീവമായ ചര്‍ച്ചയായി പ്രതിരോധമില്ലാതെ പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കുന്ന വേളയിലാണ് യു.എ.പി.എ ചുമത്തിക്കൊണ്ട് ഈ യുവാക്കളുടെ അറസ്റ്റ് നടന്നത്. പിന്നീട് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി. സാധാരണ എന്‍.ഐ.എക്ക് കൈമാറുന്ന കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി പുറത്തു വരിക എന്ന് പറയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന കാര്യമാണ്. കൃത്യമായ തെളിവുകളോട് കൂടി മാത്രമെ എന്‍.ഐ.എ ഒരു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളു എന്നിരിക്കെ എന്‍.ഐ.എ ഈ വിധം കുറ്റക്കാരായി വിധിച്ച രണ്ട് പേര്‍ക്കാണ് പത്ത് മാസത്തിന് ശേഷം ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കി കൊണ്ടുള്ള എന്‍.ഐ.എ കോടതിയുടെ വിധി പോലും ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയിലെ ഒരു നാഴികക്കല്ലായി മാറുകയാണ്. കാരണം ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ 12 ഘട്ടങ്ങള്‍ എന്‍.ഐ. എ കോടതി പ്രത്യേകം വിശകലനം ചെയ്യുകയും ഇവരുടെ തടവിന് ന്യായീകരിക്കത്തക്ക കുറ്റം ഇവര്‍ ചെയ്തിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഓരോ വശവും എടുത്ത് ഇഴകീറി പരിശോധിച്ചപ്പോള്‍ ഒരു കാരണവശാലും ഇവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നതില്‍ കാരണം കണ്ടെത്താനായില്ലെന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട് ഒരാള്‍ മാവോയിസ്റ്റ് ആയിരിക്കുന്നതോ അതുമല്ലെങ്കില്‍ മാവോയിസ്റ്റ് സിദ്ധാന്തങ്ങള്‍ വായിക്കുകയോ ലഘുലേഖകള്‍ കൈവശം വയ്ക്കുകയോ ഒന്നും രാജ്യദ്രോഹക്കുറ്റമാവുകയില്ല എന്ന്. എന്താണ് മാവോയിസം എന്ന് മനസ്സിലാക്കണമെങ്കില്‍ പോലും മാവോയിസത്തെക്കുറിച്ച് വായിച്ചാലേ സാധിക്കൂ. ഒരു കാര്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാതെ അത് സ്വീകരിക്കാനോ തള്ളാനോ സാധിക്കില്ല. ഇതെല്ലാം പരിഗണിച്ചാണ് അലനും താഹയ്ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ പത്ത് മാസത്തിന് ശേഷം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ കേരളം ഇളകി മറിയുകയാണ്. 

ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും ഇത്രയധികം ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന തരത്തിലുള്ള അവസ്ഥയില്‍ എത്തിയ ചരിത്രമുണ്ടായിട്ടുണ്ടാവില്ല. അലനും താഹയും ജാമ്യത്തിലിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് മന്ത്രി കെ.ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായത്. പാത്തും പതുങ്ങിയും എന്നോണമാണ് മന്ത്രി ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ മുന്നില്‍ ഹാജരായത് എന്ന് പറയേണ്ടി വരും. മാത്രവുമല്ല ചോദ്യം ചെയ്തതിന് ശേഷം ചോദ്യം ചെയ്തു എന്ന വസ്തുത മന്ത്രി മറച്ചുവെക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിനിധി ആയിട്ടാണ് അദ്ദേഹം മന്ത്രിയായത്. സ്വാഭാവികമായിട്ടും അദ്ദേഹത്തിന്റെ വ്യക്തിപരമായ നീക്കങ്ങള്‍ പോലും അറിയാനും അതിനകത്ത് വ്യക്തത ആവശ്യപ്പെടാനും കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നിരിക്കെ ഒരു മന്ത്രി രഹസ്യമയി ചോദ്യം ചെയ്യലിനായി ഹാജരാവുകയും അത് മറച്ചു വെക്കുകയും ചെയ്യുന്നു. 

മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ സ്വര്‍ണ്ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്നത്. മന്ത്രിയെ ചോദ്യം ചെയ്ത അതേ ദിവസം തന്നെ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബാംഗ്ലൂരിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 

ഇതെല്ലാം നടക്കുന്നതിന്റെ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴിലുള്ള ഐ.ടി വകുപ്പിന്റെ താക്കോല്‍സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥ ആയ സ്വപ്‌ന സുരേഷിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്നാല്‍ കേസ് രേഖപ്പെടുത്തേണ്ട ഒട്ടനവധി കേസുകളാണ് സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം പുറത്തു വന്നത്. ലൈഫ്മിഷനിലെ അട്ടിമറിയില്‍ തുടങ്ങി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ വരെ എത്തിനില്‍ക്കുകയാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ട ഭാവം പോലും പോലീസിനില്ല. രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി പോലീസിനെ യാതൊരു മറയും ഇല്ലാതെ ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത്. ഈ ഒരു സമീപനം സി.പി.എമ്മിനകത്തുള്ള ക്രിമിനല്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും എന്ത് കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടാനുള്ള ഒരു ആത്മധൈര്യം പകരുകയും ചെയ്യുന്നുണ്ട്. കാരണം പാര്‍ട്ടിയും സര്‍ക്കാരും ഇവരുടെ രക്ഷക്കെത്തും എന്നുള്ളൊരു സന്ദേശമാണ് വാളയാര്‍ പീഡനക്കേസിന് ശേഷമുണ്ടായ അലന്റെയും താഹയുടെയും അറസ്റ്റിലൂടെ മനസ്സിലാക്കേണ്ടത്.