Skip to main content

ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ്19 ബാധിതയെ പീഡിപ്പിച്ച കേസ് കേരളത്തിന് ഏറ്റ കനത്ത പ്രഹരം തന്നെയാണ്. സംഭവത്തിന് ശേഷം സ്മിത വയലില്‍ എന്ന ആരോഗ്യപ്രവര്‍ത്തക പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാനൊക്കെ ഒരു മനുഷ്യസ്ത്രീ എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗദിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവെച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ശേഷം അവര്‍ പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. സംഭവത്തെ ന്യായീകരിക്കാതെ ആരോഗ്യവകുപ്പിന്റെ വീഴ്ചയെ അംഗീകരിച്ചു കൊണ്ട് ആ പെണ്‍ക്കുട്ടിയോടെ മാപ്പ് പറയുകയും സിസ്റ്റത്തിലെ വീഴ്ചകള്‍ തിരുത്തുകയുമാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. 

അടിയന്തര സാഹചര്യത്തിലല്ലാതെ രാത്രി 8.30ക്ക് ശേഷം രോഗബാധിതരായ സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റേണ്ട എന്നും രാത്രി ചികില്‍സാകേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകണമെന്നുമാണ് സംഭവത്തിന് ശേഷം ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം. ഈ ഒരു നിര്‍ദേശത്തോടെ നിസ്സാരവല്‍ക്കരിക്കപ്പെടേണ്ട വിഷയമാണോ ഇത് എന്ന് ചിന്തിക്കേണ്ടത് തന്നെയാണ്. ഇതേ സംഭവം പകല്‍ വെളിച്ചത്തിലാണ് നടന്നതെങ്കിലോ, സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റേണ്ട എന്ന് തീരുമാനിക്കുമായിരുന്നോ. ഗൗരവമേറിയ മറ്റൊരു വിഷയമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഒരാള്‍ എങ്ങനെ സര്‍ക്കാര്‍ ആംബുലന്‍സിന്റെ ഡ്രൈവറായി എന്നത്. ഇതിനെല്ലാം വ്യക്തത തരേണ്ട ഉത്തരവാദിത്വം ആരോഗ്യവകുപ്പിനുണ്ട്. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ ആരോഗ്യവകുപ്പിന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തനവും മേല്‍നോട്ടവുമെല്ലാം അഭിനന്ദനാര്‍ഹം തന്നെയാണെങ്കിലും ഇത്തരം സംഭവങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്ന പ്രവണതയെ ജനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല.