Skip to main content

മലപ്പുറം ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി. കമറുദ്ദീന് മുസ്ലിംലീഗ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിന്റേതാണ് തീരുമാനം. നിക്ഷേപകരുടെ വിവരം സംബന്ധിച്ചും ആസ്തിവകകളെ കുറിച്ചും സെപ്തംബര്‍ 30-നകം കമറുദ്ദീന്‍ വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് നല്‍കണം. ഹൈദരാലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം കൊടുക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ രാജിവെച്ചിട്ടുണ്ട്. മറ്റു സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. നിക്ഷേപകരുടെ താത്പര്യത്തിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. ബിസിനസ് പൊളിഞ്ഞു എന്നാണ് കമറുദ്ദീന്റെ വിശദീകരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകരുടെ വിവരം സംബന്ധിച്ചും കമറുദ്ദീന്റെ ആസ്തി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും പാര്‍ട്ടി ഒരാളെ ചുമതലപ്പെടുത്തിയതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.