Skip to main content

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയ്ക്കും കര്‍ശന ഉപാധികളോടെ ജാമ്യം. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. 

മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.

2019 നംവബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം കേരളാ പൊലീസാണ് കേസ് അന്വേഷിച്ചത്. ഒരു മാസത്തിനു ശേഷം കേസ് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.