Skip to main content

ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ക്രിമിനല്‍ കേസില്‍ പ്രതിയെന്ന് പത്തനംതിട്ട എസ്.പി  കെ.ജി സൈമണ്‍. നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ്. അടൂരില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലും പെണ്‍കുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂര്‍വം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്.

പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍ക്കുട്ടിയോട് മാപ്പ് ചോദിച്ചെന്നും സംഭവം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍ക്കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ഇത് നിര്‍ണ്ണായക തെളിവാണെന്നും എസ്.പി പറഞ്ഞു. 

ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടിയിരുന്നു. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ച് കഴിഞ്ഞുവെന്നും കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. 

അപ്രതീക്ഷിതവും സങ്കടകരവുമായ കാര്യമാണ് ആറന്മുളയില്‍ നടന്നതെന്നും പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പ്രതികരിച്ചു. മറ്റ് രോഗികള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയേയും അയച്ചത്. സംഭവം നിര്‍ഭാഗ്യകരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാമുന്‍കരുതലുകള്‍ നടപ്പിലാക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.