Skip to main content

ബാംഗ്ലൂരില്‍ പിടിയിലായ ലഹരി മരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് ആരോപിക്കുന്നു. അനൂപ് മുഹമ്മദ് നര്‍കോട്ടിക് ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയും പി.കെ ഫിറോസ് പുറത്തുവിട്ടു.

2015-ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിച്ചു.

ജൂലൈ 10ന് നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്‌ന ബാംഗ്ലൂരില്‍ അറസ്റ്റിലാകുന്നത്. ബിനീഷ് ചതിക്കപ്പെട്ടുവെങ്കില്‍ അദ്ദേഹം അത് പറയണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.