Skip to main content

ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ഇളവുകള്‍ അനുവദിച്ച് എക്‌സൈസ് വകുപ്പ്. മദ്യവില്‍പ്പന രണ്ട് മണിക്കൂര്‍ ദീര്‍ഘിപ്പിച്ച് രാവിലെ 9 മുതല്‍ രാത്രി 7 വരെയാക്കി. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. നിലവില്‍ 400 ടോക്കണുകളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഇത് 600 ടോക്കണ്‍ വരെ ആക്കി. 

ഒരു തവണ ടോക്കണ്‍ എടുത്ത് മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ 3 ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയത് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. 

ബെവ്ക്യൂ ആപ്പിന്റെ ഗുണം ബാറുകള്‍ കൊണ്ടുപോകുന്നുവെന്നും ബിവറേജ്‌സ് കോര്‍പ്പറേഷന് വലിയതോതില്‍ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ബെവ്‌കോയ്ക്ക് അനുകൂലമായി ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം. ഇതോടെ വില്‍പ്പന ഉയരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.