Skip to main content

സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ അന്വേഷണം നടത്തും. സുരക്ഷാവീഴ്ചയുടെ പേരിലാണ് അന്വേഷണം. സെക്രട്ടേറിയറ്റിലെ സുരക്ഷാ പോരായ്മകള്‍ പരിഹരിച്ച് നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

തീപ്പിടിത്തമുണ്ടായി ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പുതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും എങ്ങനെ അവിടെയെത്തി എന്ന കാര്യം സംശയകരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എന്തെങ്കിലും തരത്തിലുളള ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാരിന് സംശയമുണ്ട്. 

സെക്രട്ടറിയേറ്റില്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പൊതുജനങ്ങളും മാധ്യമപ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നപ്പോഴാണ് സെക്രട്ടറിയേറ്റില്‍ താന്‍ എത്തിയതെന്നും മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ അവിടെയെത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.