Skip to main content

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 30നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്. കൃപേഷ്, ശരത് ലാല്‍ എന്നീ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ച കേസില്‍ സി.പി.എമ്മാണ് പ്രതിസ്ഥാനത്തുള്ളത്. 

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്തിന്റെയും കൃപേഷ് ലാലിന്റെയും മരണം ആദ്യം ലോക്കല്‍ പോലീസ് അന്വേഷിക്കുകയും പിന്നീട് അത് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. പ്രാദേശിക സിപിഐഎം നേതാക്കളെ ഉള്‍പ്പെടെ പ്രതികളാക്കിക്കൊണ്ടായിരുന്നു കറ്റപത്രം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം ഗൂഢാലോചനയിലേക്കും മുതിര്‍ന്ന നേതാക്കളിലേക്കും നീണ്ടില്ല എന്ന വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്.

കേസില്‍ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.