Skip to main content

 സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന പ്രക്രിയ ഇനിയും വളരെ അധികം നീണ്ടുപോകും എന്നാണ് സൂചന. മനഃശാസ്ത്രപരമായ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യത്തെ ദിവസം ചോദ്യം ചെയ്യലിനായി തയ്യാറാക്കിയ അതേ ചോദ്യങ്ങള്‍ തന്നെയാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചത്. അതിന് നല്‍കിയ മറുപടികളുടെ ഉള്ളടക്കം ഒരു ഭാഗത്ത് പരിശോധിക്കുകയും അതേസമയം തന്നെ ഓരോ തവണയും അതേ മറുപടി നല്‍കുന്നതിന് എത്ര സമയം എടുത്തു, മറുപടി നല്‍കുമ്പോഴുള്ള ശരീരഭാഷ ഇതെല്ലാം അതി സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇനിയും ഇതേ രീതിയിലുള്ള ചോദ്യം ചെയ്യലുകള്‍ ഉണ്ടായേക്കാം. 

എന്‍.ഐ.എയുടെ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നു കൊണ്ടിരിക്കുന്നത്. 2004 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ് കെ.ബി വന്ദന. ഭീകരവിരുദ്ധ പരിശീലനം അമേരിക്കയില്‍ നിന്ന് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓഫീസറാണ് കെ.ബി വന്ദന. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലും ഭീകര ആക്രമണം ഉണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ വിദ്യകളിലുമെല്ലാം അതിനൂതനമായ പരിശീലനം ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇവര്‍. കൊച്ചിയില്‍ ഇവര്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ സമാന്തരമായി ഡല്‍ഹിയില്‍ നിന്നും ഒരു സംഘം ചോദ്യം ചെയ്യല്‍ വിശകലനം ചെയ്യുന്നുമുണ്ട്. 

ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുമ്പോളും ഇദ്ദേഹം എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍ തന്നെയാണ്. ഇദ്ദേഹം ആരോടെല്ലാം സംസാരിക്കുന്നു ഇദ്ദേഹത്തെ കാണാന്‍ ആരെല്ലാം വരുന്നു എന്ന് തുടങ്ങി ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ പോലും എന്‍.ഐ.എ നിരീക്ഷണത്തിലാണുള്ളത്. 

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായിട്ടുള്ള പ്രതികളുടെ മൊഴിയുമായി ശിവശങ്കറിന്റെ മൊഴിയെ ഒത്തുനോക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെയാണ് ചോദ്യം ചെയ്യല്‍ പ്രക്രിയ ഇങ്ങനെ നീണ്ടുപോകുന്നതും. സ്‌പേസ് പാര്‍ക്കിന്റെ ഒരു കരാറുമായി സംബന്ധിച്ച് സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് 3 തവണ ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് അവിടെ നടന്ന ചര്‍ച്ചകള്‍, അവിടെ ആരെയെല്ലാം കണ്ടു എന്നത് സംബന്ധിച്ച വിവരങ്ങളും എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം സംബന്ധിച്ച് ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്. ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളതില്‍ വ്യക്തമായ സൂചനകളും തെളിവുകളും കിട്ടാതെ എന്‍.ഐ.എ ഒരിക്കലും അറസ്റ്റിലേക്ക് നീങ്ങുകയില്ല. കാരണം ജനങ്ങള്‍ക്ക് എന്‍.ഐ.എയുടെ മേലുള്ള വിശ്വാസ്യത അത്രമേല്‍ വലുതാണ്.