Skip to main content

സ്വര്‍ണ്ണകള്ളക്കടത്തും അതിന്റെ അന്വേഷണവും അതിന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന രാഷ്ട്രീയ നാടകങ്ങളും കൊറോണയ്ക്ക് അനുകൂലമായ വളമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. സര്‍ക്കാരിന് കൊറോണ വ്യാപനം തടയുന്ന രീതിയില്‍ നേതൃത്വവും നിരീക്ഷണവും നടത്താന്‍ സാധിക്കുന്നില്ല. ഈ പശ്ചാത്തലമാണ് കൊവിഡ് കേരളത്തെ ഭീതിയിലാഴ്ത്തുന്ന രീതിയില്‍ വ്യാപിക്കാന്‍ കാരണം.

സ്പ്രിംഗ്‌ളര്‍ വിവാദമുണ്ടാകുന്നത് വരെ സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയെന്ന് മാത്രമല്ല കൊവിഡ് വ്യാപനം അതിസൂക്ഷ്മമായ രീതിയില്‍ തന്നെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇനി ഒരുപക്ഷെ കേരളം ലോകത്തിന് മുമ്പില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് ഗുരുതരമായ കൊറോണവ്യാപനത്തിന്റെ പേരില്‍ ഉഴലുന്ന പ്രദേശമായിട്ടായിരിക്കും. ലോകത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായ രീതിയില്‍ കൊറോണവൈറസിനെ നിയന്ത്രിച്ചതിന്റെ പേരില്‍ ബി.ബി.സിയില്‍ കേരളത്തെ കുറിച്ച് വാര്‍ത്ത വന്നിരുന്നു. അതേ ബി.ബി.സിയില്‍ കേരളത്തിന്റെ നിയന്ത്രണമില്ലാതെ തുടരുന്ന കൊറോണ വ്യാപനത്തെ കുറിച്ചും വാര്‍ത്ത വന്നിരിക്കുന്നു. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്തും അതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിഷേധങ്ങളും അരങ്ങ് തകര്‍ക്കുമ്പോള്‍ അത് കൊവിഡ് 19 എന്ന മഹാമാരി കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള വളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ ഒരുപക്ഷെ പിടിച്ചു കെട്ടാന്‍ പറ്റാത്ത രീതിയിലേക്ക് കൊവിഡ് വ്യാപനം മാറിയേക്കാം.