Skip to main content

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു എങ്കിലും ഈ മൊഴിയില്‍ തൃപ്തി ഇല്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ലഭിച്ച് ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക. 

നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ് സ്വപ്‌ന സുരേഷ്. 21ന് ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇതിന് ശേഷമായിരിക്കും കസ്റ്റംസ് കസ്റ്റഡിയില്‍ ഇവരെ ലഭിക്കുക. നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് കമ്മീഷ്ണര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുക. 

സ്വപ്‌ന സുരേഷ് സംഘടിപ്പിച്ച പാര്‍ട്ടികളില്‍ ശിവശങ്കര്‍ പങ്കെടുത്തിട്ടുണ്ട്. ഈ പാര്‍ട്ടികളില്‍ മറ്റ് പ്രതികളും പങ്കെടുത്തിട്ടുണ്ട്. ഇവിടെ വെച്ചാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ നടന്നിരുന്നത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.