Skip to main content

ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ സ്ഥിരീകരിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയത് എന്നായിരുന്നു പ്രതിപക്ഷനേതാവ് ആരോപിച്ചത്.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് നിര്‍ദേശിച്ചത് കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് സ്‌പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് എതിരെയുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ഓഡിറ്റിംഗ് വിഭാഗത്തിന് മാത്രമാണ് വിലക്കുള്ളത് എന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അസ്വാഭാവിതക ഇല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.