Skip to main content

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കേരളത്തിലോ ഇന്ത്യയിലോ ഉണ്ടോ എന്ന് പോലും അറിയില്ല. കൊറോണ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ഇറങ്ങിയിരുന്നു. അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതില്‍ അദ്ദേഹം ആഹ്വാനം ചെയ്തു കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ഒരേ സമയം കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുകയും അതേ സമയം ആ പോരാട്ടത്തെ തീവ്ര മുതലാളിത്വത്തിനെതിരെയുള്ള പോരാട്ടമാക്കി വിപ്ലവകരമാക്കി മാറ്റുകയും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ലെനിന്‍ ചെയ്തത് എങ്ങനെയോ അങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 

അദ്ദേഹത്തിന്റെ ഊന്നല്‍ കേരളത്തിലെ നിലവിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ കാര്യങ്ങള്‍ ചെയ്യണം എന്നതായിരുന്നു. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നിശ്ശബ്ദത പാലിക്കുന്നത് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന രീതി തന്നെയാണോ ഈ തീവ്രമുതലാളിത്വത്തിനെതിരെയുള്ള പോരാട്ടം. ഇത് എം.എ ബേബി വ്യക്തമാക്കേണ്ടതാണ്. കാരണം സി.പി.എമ്മിലെ ആധരണീയനായ, ബഹുമാനിക്കപ്പെടുന്ന, സ്വീകരിക്കപ്പെടുന്ന വ്യക്തിയാണ് എം.എ ബേബി. 

തീവ്രമുതലാളിത്വത്തിനെതിരെ ഈ രീതിയിലാണോ പോരാടേണ്ടത് എന്ന് സംശയം കേരളീയ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണ്. കാരണം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിരിക്കുന്നു. എം ശിവശങ്കര്‍ അതില്‍ ഉള്‍പ്പെടുകയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തായി എന്ന് മാത്രമല്ല അദ്ദേഹത്തെ അതിന്റെ പേരില്‍ കസ്റ്റംസ് ചൊവ്വാഴ്ച രാത്രി  വൈകിട്ട് തുടങ്ങി 9 മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യത്തില്‍ തീവ്രമുതലാളിത്വത്തിനെതിരെയുള്ള പോരാട്ടം ഈ രീതിയിലാണോ നടത്തേണ്ടത് അതോ മറിച്ചാണോ എന്ന് എം.എ ബേബി വ്യക്തമാക്കേണ്ടത് തന്നെയാണ്.