Skip to main content

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എടുത്ത് നോക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. നാമമാത്രമായ പത്രപ്രവര്‍ത്തകര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതില്‍ പലപ്പോഴും ഒരുക്കിയെടുത്ത ചോദ്യകര്‍ത്താക്കള്‍ ചോദിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കുക. കാരണം ഇപ്പോള്‍ നടക്കുന്ന ഗുരുതരമായ ഒരു വിഷയത്തെ കുറിച്ച് ഒരു ചോദ്യം വന്ന് അതിന് ഉത്തരം പറഞ്ഞ് കഴിയുമ്പോള്‍ തന്നെ അടുത്ത ചോദ്യം കൊവിഡ് വിഷയത്തിലേക്ക് പോകുന്നതും പിന്നീട് ചോദ്യങ്ങള്‍ ആ ഒരു തരത്തില്‍ മാറി പോകുന്നതും പലപ്പോഴും കാണാന്‍ സാധിക്കുന്നതാണ്. കൊവിഡ് വിഷയങ്ങള്‍ അല്ലെങ്കില്‍ അത് പോലുള്ള മറ്റ് വിഷയങ്ങള്‍ മുഖ്യമന്ത്രി വളരെ വ്യക്തമായി തന്നെ വിശദീകരിക്കാറുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അസൗകര്യം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ തന്നെ അദ്ദേഹം അസ്വസ്തനാകാറുണ്ട്. 

ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്, സ്വപ്‌ന നേരിടുന്ന ആരോപണങ്ങള്‍, അതിലേക്ക് നീളുന്ന സൂചനകള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മാധ്യമപ്രവര്‍ത്തനത്തെ കഥ രചിക്കലായി ചിത്രീകരിച്ചു കൊണ്ട് മുഖ്യമന്ത്രി അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ഇന്റലിജന്‍സ് വകുപ്പിന്റെ പരാജയമായി ഈ സംഭവത്തെ കാണാന്‍ സാധിക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരന്‍ ഇത്തരമൊരു ഗുരുതരമായ രീതില്‍ പ്രവര്‍ത്തിച്ചിട്ട് മുഖ്യമന്ത്രിക്ക് അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം എങ്ങനെ സംസ്ഥാനം ഭരിക്കും. 

മുമ്പ് ഇ.എംഎസ് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ദിരയെ രക്ഷിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും എന്നാണ് ഒരിക്കല്‍ അദ്ദേഹം ചോദിച്ചത്. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഈ ചോദ്യത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാം. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ വ്യക്തമായി അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളം ഭരിക്കും എന്ന്.