Skip to main content

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സര്‍ക്കാരിന്റെ ഐ.ടി വകുപ്പ് മുന്‍ ഉദ്യോഗസ്ഥ സ്വപ്നയിലേക്ക് നീളുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിന് പിന്നില്‍ വന്‍ സംഘമെന്ന് തെളിഞ്ഞത്. നേരത്തെയും സമാനരീതിയില്‍ സ്വര്‍ണം കടത്തിയതായി ഇയാള്‍ സമ്മതിച്ചതായാണ് വിവരം. സ്വര്‍ണം പിടിച്ചെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ സ്വപ്‌ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. 

സരിത്തിനെയും സ്വപ്‌നയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിലവില്‍ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയില്‍ ഓപ്പറേഷണല്‍ മാനേജറായിരുന്നു സ്വപ്‌ന. മുമ്പ് യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്‌ന. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരില്‍ വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ സരിത്താണ് കൈപ്പറ്റിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്കുള്ള നയതന്ത്ര പരിരക്ഷയാണ് പ്രതികള്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മറ്റ് ചിലര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

ഞായറാഴ്ചയാണ് ദുബായില്‍ നിന്ന് വിമാനത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ ബാഗേജില്‍ നിന്ന് 13.5 കോടി വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗേജ് പരിശോധിക്കുകയായിരുന്നു.