Skip to main content

ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. സംഭവത്തില്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെയാണ് ശാന്തന്‍പാറ പോലീസ് കേസെടുത്തിരിക്കുന്നത്. മതമേലധ്യക്ഷന്മാരും സിനിമാ താരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തതായാണ് വിവരം.

ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ജൂണ്‍ 28നാണ് സംഭവം നടന്നത്. ഉടുമ്പന്‍ചോലയ്ക്ക് സമീപമുള്ള ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഡി.ജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി 8ന് തുടങ്ങിയ പരിപാടി 6 മണിക്കൂറോളം നീണ്ടുനിന്നു. സ്വകാര്യ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയാണ് റിസോര്‍ട്ടില്‍ പാര്‍ട്ടിക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. ബെല്ലി ഡാന്‍സ് നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിച്ചെന്നാണ് വിവരം.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവരം പുറത്തായത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു.