Skip to main content

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ നല്‍കുന്നതിനായി വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണം. എന്നാല്‍ കൊവിഡ് പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. 

സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കൊവിഡ് 19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധനയ്ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. 

പി.പി.ഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തയായിട്ടില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും.