Skip to main content

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍(21) ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പോലീസ് കുറ്റപത്രം. 2018 ജൂലൈ 2നായിരുന്നു അഭിമന്യു കുത്തേറ്റ് മരിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്.

സഹല്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. സഹലിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സഹല്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സാമ്പിള്‍ എടുക്കും. 

അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേരും വിവിധ ഘട്ടങ്ങളിലായി പോലീസില്‍ കീഴടങ്ങുകയും വിചാരണ നടപടികള്‍ നേരിടുകയും ചെയ്യുകയാണ്. എന്നാല്‍ സഹല്‍, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഷഹീം കഴിഞ്ഞ നവംബറില്‍ കീഴടങ്ങുകയായിരുന്നു. 

2018 ജൂലൈ 2ന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാംപസില്‍വെച്ച് അഭിമന്യൂ കൊല്ലപ്പെട്ടത്. ചുവരെഴുത്തിനെ ചൊല്ലി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തരുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അര്‍ജുനെ കുത്തിയത് ഷഹീമായിരുന്നു.