Skip to main content

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പടിയൂര്‍ സ്വദേശിയായ സുനില്‍കുമാറാണ്(28) രാവിലെയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ്ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21 ആയി. പനി കൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ദ സംഘം പരിശോധിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് ദിവസം മുന്‍പാണ് സുനില്‍കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. മട്ടന്നൂര്‍ ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകുകയും ചെയ്തിരുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല. 

ഇദ്ദേഹത്തിന് എവിടെ വെച്ചാണ് രോഗബാധ ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. കര്‍ണാടക മേഖലയില്‍ നിന്ന് ലഹരി വസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ വെച്ചോ പ്രതിയില്‍ നിന്നോ ആയിരിക്കാം രോഗബാധ ഉണ്ടായതെന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്.