Skip to main content

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവു എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

ട്രൂ നെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദേശം. 

പുറത്തു നിന്ന് വരുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാടിലേക്ക് നീങ്ങുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെതിരെ സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയിരുന്നു.