പൊഴിയൂരില്‍ മൂന്ന് മാസം മുമ്പ് മരിച്ച ജോണിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജോണിന്റെ മരണത്തില്‍ സഹോദരിയും പിതാവും സംശയമുന്നയിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
മാര്‍ച്ച് 6ന് രാത്രിയാണ് ജോണ്‍ സ്വന്തം വീട്ടില്‍ വെച്ച് മരിച്ചത്. ഹൃദയാഘാതം കാരണം മരണം സംഭവിച്ചു എന്നാണ് ഭാര്യയും മക്കളും പറഞ്ഞത്. എന്നാല്‍ ജോണിന്റെ സഹോദരങ്ങളെ ഇവര്‍ വളരെ വൈകിയാണ് വിവരമറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ സംസ്‌ക്കരിക്കുകയും ചെയ്തു. മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും സമ്മതിക്കാത്തതില്‍ ദുരൂഹത തോന്നിയെന്ന് ജോണിന്റെ സഹോദരി പറയുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതില്‍ ദുരൂഹത തോന്നിയ അച്ഛനും സഹോദരിയും പോലീസിനെ സമീപിക്കുകയായിരുന്നു.
കടബാധ്യത കാരണം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ജോണിന്റെ ഭാര്യയും മക്കളും പോലീസില്‍ പരാതി നല്‍കി. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളിസെമിത്തേരിയില്‍ അടക്കാനാകില്ല. അതുകൊണ്ടാണ് ഹൃദയസ്തംഭനമാണെന്ന് അന്ന് പറഞ്ഞത് എന്നും അവര്‍ പോലീസിനോട് പറഞ്ഞു.
ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചത്.