അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. ജില്ലിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി.
ആന്റിബോഡി ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ഇല്ലായിരുന്നു എന്നും ആന്റിബോഡി ടെസ്റ്റും സ്രവ പരിശോധനയും ജില്ലയില്‍ വേഗത്തില്‍ നടന്ന് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വാറന്റൈന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
മാസ്‌ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് പോസിറ്റീവ് രോഗികളെ ചികില്‍സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങി നടക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ പത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ട്. 919 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.